2017, ഓഗസ്റ്റ് 20, ഞായറാഴ്‌ച

ഒത്തുചേരലുകളുടെ ഓണം

ഞങ്ങള്‍ ഇല്ലത്ത് ഓണക്കാലത്ത് ഒത്തുകൂടുമ്പോള്‍ പല പരിപാടികളും സംഘടിപ്പിക്കാറുണ്ടായിരുന്നു. 10 വര്‍ഷം മുന്നേ ഞങ്ങള്‍ ഒരു നാടകം തട്ടിക്കൂട്ടി. “ഓര്‍മകളിലെ ഓണം” എന്നായിരുന്നു ആ നാടകത്തിന്റെ പേര്. പേര് അന്വര്‍ത്ഥമാക്കും വിധം ഓര്‍മകളിലെ ഓണം തന്നെയായിരുന്നു അത്. മോഡേണ്‍ ഓണഘോഷവും ഒരു മുത്തശ്ശിയുടെ അന്നത്തെ ഓണാഘോഷം ഓര്‍മ്മിക്കലും ആയിരുന്നു ഇതിവൃത്തം. അന്ന് ഞങ്ങളുടെ പിഞ്ചു മനസ്സില്‍ തോനിയ ആ ഒരു തീം ഇന്ന് പല സ്ഥലത്തും ഇത്തരത്തില്‍ ഓണാഘോഷം മോഡേണ്‍ വല്‍ക്കരിക്കുകയാണ്. കൃത്രിമ ഓണപ്പൂക്കളവും, റെഡിമേഡ് ഓണസദ്യയും ഒക്കെയാണ് ഇന്നത്തെ മലയാളിയുടെ ഓണാഘോഷം. മുക്കുറ്റിയും, തുമ്പയും, അലരിപൂവും, ഓടിച്ചുകുത്തിയും, തെച്ചിയും, ഒക്കെ ഉള്ള ഓണപൂക്കളം ഇന്ന് മലയാളിയുടെ ഗൃഹങ്ങളില്‍ നിന്ന്‍ അന്യം നിന്നിരിക്കുന്നു. മത്സരങ്ങള്‍ക്ക് മാര്‍ക്ക്‌ കിട്ടാനായി തുമ്പയും മുക്കുറ്റിയും ഒക്കെ തിരഞ്ഞു നടക്കുന്ന കാലം ആണ് ഇപ്പോഴുള്ളത്. പൂക്കളം ഇടാന്‍ തമിഴനും ആന്ദ്രക്കാരനും ഒക്കെ പൂക്കള്‍ ഉണ്ടാക്കേണ്ട കാലം ആണ് ഇപ്പോള്‍. ചിങ്ങം ഒന്നിന് പണ്ട് കാലത്ത് വിളവ് കൊയ്തിരുന്നു അതുകൊണ്ടാണ് നമ്മള്‍ കര്‍ഷക ദിനം അന്ന് ആഘോഷിക്കുന്നത്. എന്നാല്‍ ഇന്ന് മലയാളിക്ക് ഓണം ഉണ്ണണമെങ്കില്‍ അരിയും പച്ചക്കറികളും പുറത്തുനിന്നും എത്തണം. ഇതാണ് ഇന്നത്തെ മലയാളിയുടെ അവസ്ഥ. പണ്ട് കൂട്ടുകുടുംബം ആയിരുന്ന പലരും ഇന്ന് അണുകുടുംബമാണ് എന്നാല്‍ ഇത് പോലുള്ള അവസരങ്ങളില്‍ പോലും ഒത്തു കൂടാറില്യ പലരും. മുത്തശിക്കും മുത്തശനും ഒക്കെ തങ്ങളുടെ മക്കളെയും പെരക്കുട്ടികളെയും ഒക്കെ കാണണം എന്നാഗ്രഹം ഉണ്ടാവില്യെ. ഇന്നാള് ഒരു വാര്‍ത്ത എല്ലാവരും ശ്രദ്ധിചില്യെ, ഒരമ്മ മകനെ കാത്തിരുന്ന് അവസാനം ഒരു വര്‍ഷം കഴിഞ്ഞ മകന്‍ വന്നപ്പോള്‍ അമ്മയുടെ അസ്ഥികൂടം ആണ് ഇരിക്കണേ കണ്ടേ അതും വാതില്കലെക് നോക്കി ഇരിക്കണ പോലെ ആ അമ്മയുടെ മനസ്സില്‍ എന്തോരം ആഗ്രഹം ഉണ്ടായിക്കാണും മകനെ ഒന്ന് കാണാന്‍. അതിനു ശേഷം ഒരു facebook പോസ്റ്റ്‌ കണ്ടു അമേരിക്കയില്‍ ഒരു മകന്‍ തന്റെ അച്ഛനും അമ്മയ്ക്കും parkinson രോഗം ആണ് അതുകൊണ്ട് ജോലിസ്ഥലം കുറെ ദൂരെയായിട്ടും അവിടെക്ക് മാറാതെ ദിവസവും മണിക്കൂറുകളോളം ദൂരം സഞ്ചരിച്ചു ജോലിക്ക് പോയി വരുന്നു. വേണമെങ്കില്‍ അദ്ദേഹത്തിന്നു അവിടേക്ക് മാറമായിരുന്നു പക്ഷെ തന്റെ മാതാപിതാക്കള്‍ക്ക് സ്വന്തം വീട്ടില്‍ നിക്കണം  എന്നു അയാള്‍ ആഗ്രഹിച്ചു അതാണ് അവരുടെ രോഗശാന്തിക്ക് നല്ലത് എന്നു അയാള്‍ ചിന്തിച്ചു. രാവിലെ നേരത്തെ പോകും പ്രത്യേകം വിമാനത്തില്‍ ആണ് യാത്ര രാത്രി ഏറെ വൈകിയാണ് എത്താറ്. എന്നാലും ഉള്ള സമയം മാതാപിതാക്കളോടൊപ്പം ചിലവഴിക്കാം എന്നു അയാള്‍ ചിന്തിച്ചു.

ഇവിടെ രണ്ട് തരത്തിലുള്ള മക്കളെയും കണ്ടില്യെ. നമ്മള്‍ ഓരോരുത്തരും ചിന്തിക്ക്യ ഇതില്‍ ഏതു തരത്തിലുള്ള മക്കള്‍ ആണ് നമ്മള്‍ എന്നു. പറ്റുന്ന സമയങ്ങളില്‍ നമ്മള്‍ നമ്മുടെ മാതാപിതാക്കളെയും മറ്റുള്ളവരെയും സന്തോഷിപ്പിക്കുക. ജീവിതം ഓരോ നിമിഷവും ആഘോഷപൂര്‍ണമാക്കുക. മരണം നമ്മളെ എപ്പോള്‍ വേണമെങ്കിലും പിടികൂടാം അതുകൊണ്ട് ഉള്ള നിമിഷങ്ങള്‍ ആഘോഷപൂര്‍ണമാക്കുക. നമ്മുടെ കുടുംബത്തോടൊപ്പം ആഘോഷിക്കുക. ഓണവും വിഷുവും എന്നു വേണ്ട ആഘോഷങ്ങള്‍ ഒക്കെ എല്ലാവരും കൂടെ ആഘോഷിക്കുക. ആഘോഷങ്ങള്‍ ആഘോഷിക്കാനുള്ളതാണ്. എല്ലാവരും കൂടിയാലേ ആഘോഷം ആഘോഷമാകുകയുള്ളൂ അതുകൊണ്ട് എല്ലാവരും ഓരോ ആഘോഷങ്ങളും ആഘോഷിക്കുക തന്നെ ചെയ്യും എന്നു പ്രതീക്ഷിച്ചു കൊണ്ട് എല്ലാവര്‍ക്കും ഒരു ശുഭദിനം നേരുന്നു.

ഏകാന്തത

ഏകാന്തതയുടെ തടവറയില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് കുറെയായി.... എന്നാലും ഞാന്‍ ഈ ഏകാന്തത ഇഷ്ടപെടുന്നു. അതിനൊരു പ്രത്യേക സുഖമുണ്ട്. പറയാന്‍ വാക്കുകളില്ലാത്ത ഒരു സുഖം. മനുഷ്യന്‍റെ സ്വന്തം ആവശ്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഈ ലോകത്ത് ഏകാന്തതയാണ്‌ നല്ലതെന്നു തോന്നുന്നു.സ്വന്തം അച്ഛനെയും അമ്മയേയും കൂടപ്പിറപ്പുകളേയും പിച്ചി ചീന്തി രക്തം ഊറ്റി കുടിക്കുന്നവര്‍ ജീവിക്കുന്ന ഈ ലോകത്ത് ഏകാന്തതയാണ്‌ നല്ലതെന്നു തോന്നുന്നു.

2015, മാർച്ച് 20, വെള്ളിയാഴ്‌ച

എന്‍റെ ഓണം........

ഓണം എനിയ്ക്കെന്നും മറക്കാന്‍ പറ്റാത്ത ഒരു ദിനമാണ്. ഓണനാളില്‍ ജനിച്ചത് കൊണ്ടാണോ എന്നറിയില്യ കുട്ടിക്കാലം മുതലേ ഞാന്‍ പറയാറ് എന്‍റെ ഓണം എന്നാണ്.അതുകൊണ്ടുതന്നെ ഓരോ ഓണവും എനിയ്ക്ക് മറക്കാന്‍ പറ്റാത്തതാണ്.

                 ഓണാവധി തുടങ്ങിയാല്‍ ഞങ്ങള്‍ (ഞാനും അപ്പുവും) തിരക്കു കൂട്ടും ഇല്ലത്തെയ്ക്ക് പോകാന്‍. നേരത്തെ പോയാലല്ലേ കളിയ്ക്കാന്‍ പറ്റുള്ളൂ. ഇല്ലത്ത് എത്തിക്കഴിഞ്ഞാല്‍ പിന്നെ തിമര്‍ത്ത് കളിയാണ്‌. വൈകുന്നേരം കുളത്തില്‍ പോയി നീന്തി തിമര്‍ത്ത് കുളിയാണ്. തിമര്‍ത്ത് കളിച്ച് കുളം ഒരു വിധമാക്കും. ഇടയ്ക്ക് അച്ഛന്‍ വരും ചീത്ത പറയാന്‍, ഞങ്ങള്‍ കേറാത്തോണ്ട്. അതൊക്കെ ഒരു കാലം. ഉത്രാടം ആകുംപോളെക്കും എറണാകുളത്തില്‍ നിന്നും അപ്ഫനും കുടുംബവും എത്തും അവരു കൂടിയായാലെ പൂര്‍ണമാകു. ഉത്രാടം മുതല്‍ സദ്യ ആണ്. അന്നു വൈകുന്നേരം ഞങ്ങള്‍ ഇറങ്ങും പൂ പൊട്ടിക്കാന്‍. അധികം വാടാത്ത പൂക്കള്‍ പൊട്ടിക്കും പിന്നെ മൊട്ടുകളും. വൈകുന്നേരം അത്താഴം കഴിഞ്ഞാല്‍ കലാ പരിപാടികളുടെ ഉദ്ഘാടനമാണ്. മാഷ്‌ വല്യച്ചന്‍ ആണു ഉദ്ഘാടനം ചെയ്യ. അന്നു രാത്രി ഞങ്ങള്‍ക്ക് ഉറക്കമില്ല്യ. ഒരോന്നു പറഞ്ഞും കളിച്ചും ആ രാത്രി കഴിയും. പിറ്റേന്നു നേരത്തെ എണീറ്റു കുളത്തില്‍ പോയി കുളിച്ചു ഓണക്കോടി ഉടുത്തു വരും. എന്‍റെ പിറന്നാളായതുകൊണ്ട് എനിക്കു മാത്രം രണ്ടു ഓണക്കോടി ഉണ്ടാകും. എന്‍റെ ഒരു സ്വകാര്യ അഹങ്കാരമാണ് അത്. ഞങ്ങള്‍ കുളിച്ചു വരുമ്പോളേക്കും വല്യച്ചന്‍ ത്രിക്കാകരയപ്പനെ പൂജിചിട്ടുണ്ടാകും ശേഷം ഓണവില്ല് മീട്ടും.പിന്നെ അമ്പലത്തില്‍ പോയി വരും. അത് കഴിഞ്ഞാല്‍ ഭക്ഷണ ശേഷം ഓണകവിതകളുടെ ആലാപന മല്‍സരം ഉണ്ടാകും. ഓണപ്പാട്ടുകളും ഓണക്കവിതകളും എല്ലാം ചൊല്ലും. സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഒരു ഓണക്കാലത്ത് ഞങ്ങളുടെ ഒരു നാടകം അരങ്ങേറി എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയ ഒരു നാടകമായിരുന്നു അത്. " ഓര്‍മകളിലെ ഓണം" എന്നായിരുന്നു നാടകത്തിന്റെ പേര്. മത്സരങ്ങള്‍ക്ക് ശേഷം എലാവരും കൂടെ സദ്യ കഴിക്കും. സദ്യ കഴിഞ്ഞാല്‍ പെണ്കുട്യോള്‍ടെ തിരുവാതിര കളി അരങ്ങേറും. വൈകുന്നേരമാകുമ്പോളേക്കും എല്ലാവരും പോകും. അങ്ങനെ ഓരോ ഓണവും വിഷുവും കഴിഞ്ഞു പോകും. എല്ലാവരും ഒത്തുകൂടുന്ന ആ നാളുകള്‍ ആണ് ബാല്യകാലത്തെ ഓര്‍മ്മകള്‍. എന്‍റെ കൂട്ടുകാര്‍ക്കൊക്കെ അസൂയയാണ്‌ ഇത്തരം ഒത്തുകൂടലിനെ പറ്റി പറയുമ്പോ. ചില പിണക്കങ്ങള്‍ ഉണ്ടാകുമെങ്കിലും നല്ല രസമാണ് എല്ലാവരും ഒത്തു കൂടിയാല്‍. വേനലവധിക്ക് മാങ്ങയും ചക്കയും എല്ലാം ഉണ്ടാകും.പിന്നെ ഫുള്‍ടൈം കളിയാണ്‌.എല്ലാവരും ഒത്തു കൂടിയാല്‍ ഇല്ലത്ത് ബഹളങ്ങളോട് ബഹളമായിരിക്കും. ഒരു ഉത്സവത്തിന്റെ പ്രതീതി. എല്ലാത്തിനും നേതൃത്വമായി മുത്തശ്ശിയാണ്‌ ഉണ്ടാകാറ്. പക്ഷെ മുത്തശ്ശി ഞങ്ങളെ വിട്ടു പോയിട്ട് ഒരു വര്ഷം കഴിഞ്ഞു. ഒരു പിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ഒരു നല്ല കുട്ടികാലമാണ് എനിക്കുണ്ടായത്. ഇനി അങ്ങനത്തെ ഓര്‍മ്മകള്‍ ഒരിക്കലും ഉണ്ടാകില്യ. എന്നാലും എല്ലാ മലയാളികളും ആഘോഷിക്കുന്ന ഓണം "എന്‍റെ ഓണം" ആണ്. എന്‍റെ സ്വകാര്യ അഹങ്കാരം.


മഴ......

മഴത്തുള്ളി പൊഴിയുന്ന വഴികളില്‍ ഞാന്‍ തേടുന്നു എന്നിലെ ബാല്യത്തെ. പുതുമണ്ണിന്റെ ഗന്ധവും വെള്ളം തട്ടിത്തെറിപ്പിച്ചും ആരോരും കാണാതെ മഴ നനഞ്ഞതും, വള്ളം ഉണ്ടാക്കി കളിച്ചതും എന്നും സുഖമുള്ള ഓര്‍മ്മകള്‍ മാത്രം.ആ കാലം ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന വിശ്വാസമുണ്ടെങ്കിലും ഓരോ മഴക്കാലവും എന്നെ ആ മധുര നിമിഷങ്ങളിലേക്ക് കൂട്ടി കൊണ്ടു പോകുന്നു.

2015, മാർച്ച് 19, വ്യാഴാഴ്‌ച

നായാടി

നായാടി, ചെറുപ്പകാലത്ത് നമ്മളെയൊക്കെ ഊണു കഴിപ്പിച്ചിരുന്നതും പേടിപ്പിച്ചിരുന്നതും ഭൂതം വരും കൊക്കോച്ചി വരും എന്നൊക്കെ പറഞ്ഞിട്ടല്ലേ? എന്നാല്‍ എന്‍റെ നാട്ടില്‍ വരുന്ന ഒരു കഥാപാത്രമാണ്‌ നായാടി. നായടിക്ക് പിടിച്ചു കൊടുക്കും എന്നു പറഞ്ഞു പേടിപ്പിച്ചിരുന്നു കുട്ടിക്കാലത്ത്. അതിനാല്‍ത്തന്നെ പേടിപ്പെടുത്തുന്ന കഥാപാത്രമായിരുന്നു ഈ നായാടി.  ഞാന്‍ വേറെ എവിടെയും കേട്ടിട്ടില്യ ഈ കഥാപാത്രത്തെ പറ്റി.  ഞാന്‍ ഇതുവരെ നേരിട്ട് കണ്ടിട്ടും ഇല്ല്യ. ഒരു നാടോടി എന്നാണ് കേട്ടിട്ടുള്ളത്. കാട്ടിലാണത്രേ താമസം. നാട്ടിലേക്ക് വന്നു കാട്ടില്‍ കിട്ടാത്ത സാധനങ്ങള്‍ ചോദിക്കും. ഉപ്പും മുളകും ആണ് പ്രധാനമായും കൊടുക്കാറ്. അത് വലിയ ആള്‍ക്കാര്‍ ആരെങ്കിലും കൊണ്ട് ചെന്ന് കൊടുക്കും. കുട്ടികളെ കണ്ടാല്‍ പിടിച്ചു കൊണ്ട് പോകുമത്രേ. താടീം മുടീം ഒക്കെ നീട്ടി വളര്‍ത്തി ഒരു പ്രാചീന വേഷത്തിലാണത്രേ വരാറ്. കണ്ടാല്‍ ഒരു ഭീകര രൂപം ആണെന്നാണ് അമ്മ പറഞ്ഞു കേട്ട അറിവ്. ഒരിക്കെ അച്ഛന്‍ നായടിക്ക് ഉപ്പും മുളകും കൊണ്ട് കൊടുക്കണ കണ്ടിട്ടുണ്ട്. പക്ഷെ ആ കക്ഷിയെ ഇതുവരെ നേരിട്ട് കണ്ടിടില്യ. ഇപ്പൊ നായാടി വരാറില്യ. നാട് വികസിച്ചപ്പോള്‍ നാട്ടുകാര്‍ മാറിയപ്പോ നായാടി പോലത്തെ കഥാപാത്രങ്ങള്‍ പോയി. അവര്‍ക്കും ഇപ്പൊ നല്ല വീടും എല്ലാ സൗകര്യങ്ങളും ആയിട്ടുണ്ടാകും. എന്നാലും ഇപ്പോളും പേടിപ്പിക്കാറുണ്ട്.

കാത്തിരിപ്പ്‌.

തണുത്ത ഒരു പ്രഭാതം എനിക്കായ് പിറക്കുന്നു. അങ്ങകലെ മലകള്‍ക്കപ്പുറത്ത്, ഞാന്‍ ഏറെ കാലമായി കാത്തിരുന്ന ആ നിമിഷത്തിനായി. അതെ സ്വപ്നങ്ങളില്‍ മാത്രം കണ്ട ഒരു പക്ഷെ യാതൃശ്ചികമായി കണ്ടു മുട്ടിയേക്കാവുന്ന ആ നിമിഷം. ഒരിക്കലും കാണാന്‍ പറ്റില്ലെന്ന വിശ്വാസം ഉണ്ടെങ്കിലും  ആ കാത്തിരിപ്പിനു ഒരു സുഖമുണ്ട്, വാക്കുകളാല്‍ ചിത്രീകരിക്കാന്‍ കഴിയാത്ത ഒരു സുഖം.

മരണം

മരണം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു
യാത്ര പറയേണ്ടത് ആരോട്‌
പെറ്റ് വളര്‍ത്തിയെന്‍ അമ്മയോടോ
പോറ്റു വളര്‍ത്തിയ താതനോടോ
വിദ്യ പകര്‍ന്നു നല്‍കിയ എന്‍ ഗുരുനധന്മാരോടോ
എന്‍ സുഹൃത്തുക്കളോടോ
മരണ ഭയം ജീവിക്കാനുള്ള ശക്തി നല്‍കുന്നു
മരിയ്ക്കാന്‍ എനിക്കു പേടിയാകുന്നു
മരണം അതൊരു രക്ഷപെടലാണ്
ജീവിതത്തില്‍ നിന്നുള്ള രക്ഷപെടല്‍. 
മരണം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു
പെറ്റ് വളര്‍ത്തിയെന്‍ അമ്മയോടും
പോറ്റു വളര്‍ത്തിയ താതനോടും
വിദ്യ പകര്‍ന്നു നല്‍കിയ എന്‍ ഗുരുനധന്മാരോടും
എന്‍ സുഹൃത്തുക്കളോടും
യാത്ര പറഞ്ഞിറങ്ങുമ്പോഴും
മരണത്തെ ഞാന്‍ ഭയക്കുന്നു.
ജീവന്റെ ഒരു കണിക അവശേഷിച്ചിരുന്നെങ്കില്‍
എന്നു ഞാന്‍ ആഗ്രഹിച്ചുപോകുന്നു.
മരണം പടിവാതില്‍ക്കല്‍ എത്തി
എനിയ്ക്കു പോകേണ്ട സമയമായി,
എനിയ്ക്കു പോകേണ്ട സമയമായി.

2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

ആ തീരത്ത്............


ആ തീരത്ത് തനിയെ ഇരിക്കുമ്പോൾ ഞാൻ പലതും ഓർത്തു പോയ് . എന്നും ഞാൻ ആ സായംസന്ധ്യകളിൽ അവിടെ പോയി ഇരിക്കാറുണ്ടായിരുന്നു .ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയിൽ പ്രാരാബ്ധങ്ങളും തിരക്കുകളും വഴിമാറുകയാണവിടെ .കറുത്തിരുണ്ട വട്ടമുഖമുള്ള ഒരു ബാലൻ പൂച്ചക്കണ്ണാണവന് . ആ മുഖം മുഖം എന്റെ മനസ്സിൽ പതിയെ തെളിഞ്ഞുവന്നു . ഒരു മന്ദഹാസത്തോടെ 'സാറെ ചൂടു കപ്പലണ്ടി വാങ്ങിച്ചാട്ടെ' എന്ന് പറഞ്ഞു കപ്പലണ്ടി വിൽക്കുന്ന അവന് ഞാനിട്ട പേരാണ് അപ്പു . ശരിയായ പേരെന്തെന്ന് എനിക്കറിയില്ല ഞാൻ ചോദിച്ചിട്ടുമില്ല .അവൻ എനിക്ക് എന്നും ഒരു കൂമ്പിൾ നിറയെ കപ്പലണ്ടി തരും .അവനു ഞാൻ പത്തു രൂപയും കൊടുക്കും .അവൻ അതും കൊണ്ട് ഓടും അമ്മയ്ക്ക് കൊടുക്കാൻ .അവന് അത്രയ്ക്ക് ഇഷ്ടമാണ് അമ്മയെ അമ്മയ്ക്ക് അവനേയും . അമ്മയ്ക്ക് മാനസികമായി സുഖമില്ല .അവന്റെ അച്ഛൻ മരിച്ചതിനു ശേഷം അമ്മയ്ക്ക് എപ്പോഴും അസുഖം തന്നെയാണ് . വലുതാകുമ്പോൾ അവന്റെ അമ്മേടെ അസുഖം ചികിത്സിച്ചു ഭേദമാക്കണം എന്നാണ് ആഗ്രഹം .കോളേജിലെ പഠിത്തം പൂർത്തിയാക്കി അവിടം വിടേണ്ട അവസ്ഥ വന്നു .ആ അമ്മയോടും മകനോടും യാത്ര പറഞ്ഞിറങ്ങി വരുമ്പോൾ എന്നു വരും എന്നൊരു പ്രതീക്ഷയും ഇല്ലായിരുന്നു .അപ്പോൾ ആ അമ്മയുടെ മുഖത്ത് ഒരു മാനസിക രോഗിയെ അല്ല കണ്ടത് മറിച്ച് ഒരു അമ്മയുടെ സ്നേഹം നിറഞ്ഞ മുഖമാണ് .കാലങ്ങൾ ഏറെ കടന്നു പോയിരിക്കുന്നു .ഇന്ന് ആ കടൽതീരത്ത് കപ്പലണ്ടി വേണോ എന്നു ചോദിക്കാൻ അവനില്ല . ഇപ്പോൾ അവൻ വളർന്നു വലുതായിട്ടുണ്ടാകും .അവൻ അമ്മേടെ അസുഖം ചികിത്സിച്ചുമാറ്റിയിട്ടുണ്ടാകും .ഭൂമിയുടെ ഏതോ ഒരു കോണിൽ അവർ സുഖമായി കഴിയുന്നുണ്ടാകും .

2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

സാന്ത്വന സ്പർശമായ് "അഭയ

ഓരോ ഡിസംബർ 24 ഉം ഓരോ പ്രത്യേകതകൾ നിറഞ്ഞതായിരിക്കും . അത്തരത്തിലുള്ള ഒരു ക്രിസ്തുമസ് രാവാണ് എന്റെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് . 2008 ഡിസംബർ 24 ഞങ്ങളുടെ NSS Camp നടക്കുന്ന സമയം . NSS-ന്റെ പരിപാടികളുടെ ഭാഗമായി ഞങ്ങൾ പാലക്കാട് ജില്ലയിലെ കൊപ്പത്തിനടുത്തുള്ള "അഭയ" എന്ന സ്ഥാപനം സന്ദർശിച്ചു .ആരോരുമില്ലാത്തവർക്ക് താങ്ങും തണലുമായ് നിൽക്കുന്നു എല്ലാവരും വല്യച്ഛൻ എന്നു വിളിക്കുന്ന കൃഷ്ണേട്ടന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അഭയ . അഭയ ശരിക്കും പേരു അന്വർത്ഥമാക്കും വിധത്തിൽ എല്ലാവർക്കും ഒരു അഭയമാണ് . ഞങ്ങളുടെ ചിന്തകളേയും സ്വപ്നങ്ങളേയും ഒരൊറ്റ രാത്രി കൊണ്ട് അഭയയ്ക്ക് മാറ്റിയെടുക്കാൻ കഴിഞ്ഞു .ശരിക്കും ആ ലോകത്ത് ജീവിക്കുന്നവരുടെ അവസ്ഥ കണ്ടാൽ ഒരു നിമിഷം നമ്മൾ ദൈവത്തെ ശപിച്ചു പോകും .അത്രയ്ക്കു ദയനീയമാണ് അവിടുത്തെ അവസ്ഥ . അവരെ വച്ചു നോക്കുമ്പോൾ നമ്മൾ എത്ര ഭാഗ്യവാന്മാരാണ് .ജീവിതത്തിൽ ആരോരുമില്ലാത്തവർ, മക്കളുപേക്ഷിച്ച അച്ഛനമ്മമാർ, ബുദ്ധി മാന്ദ്യം സംഭവിച്ചവർ അങ്ങനെയുള്ള കുറെയാളുകളെ നമുക്ക് ഇവിടെ കാണാം .
                     
                        ഞങ്ങൾ ഏകദേശം 4:30 ഓടെ അവിടെ എത്തി . കൊപ്പം - പട്ടാമ്പി റോഡിൽ കൊപ്പത്തു നിന്നും ഏകദേശം 500 മീറ്റർ അകലെയാണ് അഭയ സ്ഥിതി ചെയ്യുന്നത് . ഞങ്ങൾ അവിടേക്ക് പ്രവേശിച്ചു . പ്രവേശന കവാടത്തിൽ തന്നെ വല്യച്ഛൻ ഞങ്ങളെ സ്വാഗതം ചെയ്യാൻ നിൽക്കുന്നുണ്ടായിരുന്നു . അദ്ദേഹം ഞങ്ങൾക്ക് അഭയയെ കുറിച്ച് ഒരു ചെറുവിവരണം നൽകി . ശേഷം ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു .അപ്പോൾ അവിടെ tea break ആയിരുന്നു .ഞങ്ങൾ അവിടെയാകെ നടന്നു കണ്ടു . ഒരു ചെറിയ കെട്ടിടത്തിൽ തുടങ്ങിയ ഈ മാതൃ സ്ഥാപനം വല്യച്ഛന്റെ പരിശ്രമത്തിന്റേയും കുറെ പേരുടെ പ്രാർത്ഥനയുടെയും സഹായത്തിന്റെയും പരിണിത ഫലമായി പടർന്നു പന്തലിച്ചു നിൽക്കുകയാണ് ആരോരുമില്ലാത്തവർക്ക് താങ്ങായ് തണലായ്..... ആദ്യ കാലത്ത് വല്യച്ഛന്റെ ശമ്പളം കൊണ്ട് മാത്രമാണ് അഭയയുടെ പ്രവർത്തനം നടന്നത് . ജോലി ഇതിനൊരു ഭാരമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ജോലി വിട്ടെറിഞ്ഞ് മുഴുവൻ സമയം അഭയയുടെ പ്രവർത്തനത്തിൽ ഏർപ്പെട്ടു . തന്റെ സഹോദരി അഭയയ്ക്ക് സമ്മാനിച്ച സ്ഥലത്താണ് അഭയ ഇപ്പോൾ നിലകൊള്ളുന്നത് .എന്നാലും ഗവണ്മെന്റ് നൽകുന്ന ഫണ്ടുപയോഗിച്ച് പല കെട്ടിടങ്ങളും നിർമ്മിച്ചിട്ടുണ്ട് .

                                              അവിടം സന്ദർശിച്ചപ്പോൾ മനസ്സു ശരിക്കും വിങ്ങിപ്പൊട്ടുകയാണുണ്ടായത് . ഇങ്ങനെയും ചില ജീവിതങ്ങൾ നമ്മൾ അറിയാതെ പോകുന്നല്ലോ .ഞങ്ങൾ അവിടെ പോയ ദിവസം വേറെ ഒരു camp നടക്കുന്നുണ്ടായിരുന്നു . ഞങ്ങൾ അവരോട് വിശേഷങ്ങൾ പങ്കുവെക്കവേ ഹയർസെക്കണ്ടറി ഡയറക്ടർ ചിത്ര ടീച്ചർ പറഞ്ഞ വാക്കുകൾ ഇപ്പോഴും മനസ്സിൽ മുഴങ്ങുകയാണ് ." ഇവിടം സന്ദർശിക്കുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് നാം എത്ര ഭാഗ്യവാന്മാരാണെന്നാണ് .ഇവിടത്തെ അവസ്ഥകൾ കാണുമ്പോൾ നാം നമ്മെ തന്നെ വിലയിരുത്തേണ്ടത് അത്യാവശ്യമാണ് . പിന്നെ ഇവർക്കു വേണ്ടത് സഹതാപമല്ല മറിച്ച് caring ഉം support മാണ് .അതുകൊണ്ട് ഇവരെ സഹതാപത്തിന്റെ കണ്ണുകൾ കൊണ്ട് ദയവു ചെയ്ത് നോക്കാതിരിക്കുക . ഇതെന്റെ ഉപദേശമല്ല മറിച്ച് അപേക്ഷയാണ് ."- ടീച്ചർ പറഞ്ഞു . അഭയയുടെ ഓരോ കോണുകൾക്കും ഓരോ കഥകൾ പറയാനുണ്ട് .ഞങ്ങൾ അവിടെ ഒരു മുത്തശ്ശനെ പരിചയപ്പെട്ടു .അദ്ദേഹം fire force ലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു .വയസ്സായപ്പോൾ മക്കൾ ഇവിടെ കൊണ്ടുചെന്നാക്കി. ഇതുപോലെ അവിടത്തെ ഓരോ പുൽക്കൊടിക്കുപോലും ഇത്തരം കഥകൾ പറയാനുണ്ട്.

                            വൈകുന്നേരം ഏകദേശം 6 മണിയോടു കൂടി ഞങ്ങൾ അഭയയുടെ പടികളിറങ്ങി . ഇറങ്ങുന്നതിനു മുൻപ് വല്ല്യച്ഛൻ പറഞ്ഞ വാക്കുകൾ "നാം ഭൂമിയിൽ ജനിച്ചത് ജീവിക്കാനാണ് . നാം മറ്റുള്ളവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക . ഭക്ഷണം കിട്ടാത്തവന് ഒരു നേരത്തെ അന്നം നൽകുക .വസ്ത്രമില്ലാത്തവന് വസ്ത്രം നൽകുക .അഹങ്കാരവും അഹന്തയും മനസ്സിൽ നിന്നും കളയുക .മാതാപിതാക്കളെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുക .നിങ്ങളാണ് ഇനി നമ്മുടെ ലോകത്തെ നയിക്കേണ്ടത് . എല്ലാ വിധ വിജയാശംസകളും നേരുന്നു ." ഞങ്ങൾ അവരോട് യാത്ര പറഞ്ഞിറങ്ങി . അവിടെ ചെലവഴിച്ച കുറച്ചു നിമിഷങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ ഒരു വലിയ സ്ഫോടനമാണുണ്ടാക്കിയത് . ശരിയാണ് ആ സ്ഥാപനം ഒരിക്കൽ സന്ദർശിച്ചാൽ നമ്മൾ ഒരിക്കലും മറക്കില്ല .അവിടത്തെ ആളുകളെ കാണുമ്പോളാണ് മനുഷ്യന്റെ ക്രൂര പ്രവർത്തികൾക്ക് ഇരയാകുന്നത് ഇത്തരം ശുദ്ധ ഹൃദയരാണെന്ന് മനസ്സിലാകുന്നത് .മാനുഷിക മൂല്യങ്ങൾ തകർന്ന ഈ ലോകത്ത് വ്യാവസായിക- കച്ചവട താത്പര്യങ്ങൾക്കു പ്രാമുഖ്യം നൽകുന്ന ഈ കാലത്ത് വല്ല്യച്ഛനും സഹപ്രവർത്തകരും മാതൃകയാവുകയാണ് .ഇത്തരത്തിലുള്ള ഓരോ അഭയയ്ക്കും പറയാനുള്ളത് നാളെ നീയും ഈ അവസ്ഥയിലെത്താം .പഴുത്തയില കൊഴിഞ്ഞു വീഴുമ്പോൾ പച്ചയില ചിരിക്കുന്നു അവനറിയുന്നില്ല നാളെ അവനും ഈ അവസ്ഥ വരും എന്ന് . അതാണിന്നത്തെ ലോകം.