2013 ഫെബ്രുവരി 5, ചൊവ്വാഴ്ച

സാന്ത്വന സ്പർശമായ് "അഭയ

ഓരോ ഡിസംബർ 24 ഉം ഓരോ പ്രത്യേകതകൾ നിറഞ്ഞതായിരിക്കും . അത്തരത്തിലുള്ള ഒരു ക്രിസ്തുമസ് രാവാണ് എന്റെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് . 2008 ഡിസംബർ 24 ഞങ്ങളുടെ NSS Camp നടക്കുന്ന സമയം . NSS-ന്റെ പരിപാടികളുടെ ഭാഗമായി ഞങ്ങൾ പാലക്കാട് ജില്ലയിലെ കൊപ്പത്തിനടുത്തുള്ള "അഭയ" എന്ന സ്ഥാപനം സന്ദർശിച്ചു .ആരോരുമില്ലാത്തവർക്ക് താങ്ങും തണലുമായ് നിൽക്കുന്നു എല്ലാവരും വല്യച്ഛൻ എന്നു വിളിക്കുന്ന കൃഷ്ണേട്ടന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അഭയ . അഭയ ശരിക്കും പേരു അന്വർത്ഥമാക്കും വിധത്തിൽ എല്ലാവർക്കും ഒരു അഭയമാണ് . ഞങ്ങളുടെ ചിന്തകളേയും സ്വപ്നങ്ങളേയും ഒരൊറ്റ രാത്രി കൊണ്ട് അഭയയ്ക്ക് മാറ്റിയെടുക്കാൻ കഴിഞ്ഞു .ശരിക്കും ആ ലോകത്ത് ജീവിക്കുന്നവരുടെ അവസ്ഥ കണ്ടാൽ ഒരു നിമിഷം നമ്മൾ ദൈവത്തെ ശപിച്ചു പോകും .അത്രയ്ക്കു ദയനീയമാണ് അവിടുത്തെ അവസ്ഥ . അവരെ വച്ചു നോക്കുമ്പോൾ നമ്മൾ എത്ര ഭാഗ്യവാന്മാരാണ് .ജീവിതത്തിൽ ആരോരുമില്ലാത്തവർ, മക്കളുപേക്ഷിച്ച അച്ഛനമ്മമാർ, ബുദ്ധി മാന്ദ്യം സംഭവിച്ചവർ അങ്ങനെയുള്ള കുറെയാളുകളെ നമുക്ക് ഇവിടെ കാണാം .
                     
                        ഞങ്ങൾ ഏകദേശം 4:30 ഓടെ അവിടെ എത്തി . കൊപ്പം - പട്ടാമ്പി റോഡിൽ കൊപ്പത്തു നിന്നും ഏകദേശം 500 മീറ്റർ അകലെയാണ് അഭയ സ്ഥിതി ചെയ്യുന്നത് . ഞങ്ങൾ അവിടേക്ക് പ്രവേശിച്ചു . പ്രവേശന കവാടത്തിൽ തന്നെ വല്യച്ഛൻ ഞങ്ങളെ സ്വാഗതം ചെയ്യാൻ നിൽക്കുന്നുണ്ടായിരുന്നു . അദ്ദേഹം ഞങ്ങൾക്ക് അഭയയെ കുറിച്ച് ഒരു ചെറുവിവരണം നൽകി . ശേഷം ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു .അപ്പോൾ അവിടെ tea break ആയിരുന്നു .ഞങ്ങൾ അവിടെയാകെ നടന്നു കണ്ടു . ഒരു ചെറിയ കെട്ടിടത്തിൽ തുടങ്ങിയ ഈ മാതൃ സ്ഥാപനം വല്യച്ഛന്റെ പരിശ്രമത്തിന്റേയും കുറെ പേരുടെ പ്രാർത്ഥനയുടെയും സഹായത്തിന്റെയും പരിണിത ഫലമായി പടർന്നു പന്തലിച്ചു നിൽക്കുകയാണ് ആരോരുമില്ലാത്തവർക്ക് താങ്ങായ് തണലായ്..... ആദ്യ കാലത്ത് വല്യച്ഛന്റെ ശമ്പളം കൊണ്ട് മാത്രമാണ് അഭയയുടെ പ്രവർത്തനം നടന്നത് . ജോലി ഇതിനൊരു ഭാരമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ജോലി വിട്ടെറിഞ്ഞ് മുഴുവൻ സമയം അഭയയുടെ പ്രവർത്തനത്തിൽ ഏർപ്പെട്ടു . തന്റെ സഹോദരി അഭയയ്ക്ക് സമ്മാനിച്ച സ്ഥലത്താണ് അഭയ ഇപ്പോൾ നിലകൊള്ളുന്നത് .എന്നാലും ഗവണ്മെന്റ് നൽകുന്ന ഫണ്ടുപയോഗിച്ച് പല കെട്ടിടങ്ങളും നിർമ്മിച്ചിട്ടുണ്ട് .

                                              അവിടം സന്ദർശിച്ചപ്പോൾ മനസ്സു ശരിക്കും വിങ്ങിപ്പൊട്ടുകയാണുണ്ടായത് . ഇങ്ങനെയും ചില ജീവിതങ്ങൾ നമ്മൾ അറിയാതെ പോകുന്നല്ലോ .ഞങ്ങൾ അവിടെ പോയ ദിവസം വേറെ ഒരു camp നടക്കുന്നുണ്ടായിരുന്നു . ഞങ്ങൾ അവരോട് വിശേഷങ്ങൾ പങ്കുവെക്കവേ ഹയർസെക്കണ്ടറി ഡയറക്ടർ ചിത്ര ടീച്ചർ പറഞ്ഞ വാക്കുകൾ ഇപ്പോഴും മനസ്സിൽ മുഴങ്ങുകയാണ് ." ഇവിടം സന്ദർശിക്കുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് നാം എത്ര ഭാഗ്യവാന്മാരാണെന്നാണ് .ഇവിടത്തെ അവസ്ഥകൾ കാണുമ്പോൾ നാം നമ്മെ തന്നെ വിലയിരുത്തേണ്ടത് അത്യാവശ്യമാണ് . പിന്നെ ഇവർക്കു വേണ്ടത് സഹതാപമല്ല മറിച്ച് caring ഉം support മാണ് .അതുകൊണ്ട് ഇവരെ സഹതാപത്തിന്റെ കണ്ണുകൾ കൊണ്ട് ദയവു ചെയ്ത് നോക്കാതിരിക്കുക . ഇതെന്റെ ഉപദേശമല്ല മറിച്ച് അപേക്ഷയാണ് ."- ടീച്ചർ പറഞ്ഞു . അഭയയുടെ ഓരോ കോണുകൾക്കും ഓരോ കഥകൾ പറയാനുണ്ട് .ഞങ്ങൾ അവിടെ ഒരു മുത്തശ്ശനെ പരിചയപ്പെട്ടു .അദ്ദേഹം fire force ലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു .വയസ്സായപ്പോൾ മക്കൾ ഇവിടെ കൊണ്ടുചെന്നാക്കി. ഇതുപോലെ അവിടത്തെ ഓരോ പുൽക്കൊടിക്കുപോലും ഇത്തരം കഥകൾ പറയാനുണ്ട്.

                            വൈകുന്നേരം ഏകദേശം 6 മണിയോടു കൂടി ഞങ്ങൾ അഭയയുടെ പടികളിറങ്ങി . ഇറങ്ങുന്നതിനു മുൻപ് വല്ല്യച്ഛൻ പറഞ്ഞ വാക്കുകൾ "നാം ഭൂമിയിൽ ജനിച്ചത് ജീവിക്കാനാണ് . നാം മറ്റുള്ളവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക . ഭക്ഷണം കിട്ടാത്തവന് ഒരു നേരത്തെ അന്നം നൽകുക .വസ്ത്രമില്ലാത്തവന് വസ്ത്രം നൽകുക .അഹങ്കാരവും അഹന്തയും മനസ്സിൽ നിന്നും കളയുക .മാതാപിതാക്കളെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുക .നിങ്ങളാണ് ഇനി നമ്മുടെ ലോകത്തെ നയിക്കേണ്ടത് . എല്ലാ വിധ വിജയാശംസകളും നേരുന്നു ." ഞങ്ങൾ അവരോട് യാത്ര പറഞ്ഞിറങ്ങി . അവിടെ ചെലവഴിച്ച കുറച്ചു നിമിഷങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ ഒരു വലിയ സ്ഫോടനമാണുണ്ടാക്കിയത് . ശരിയാണ് ആ സ്ഥാപനം ഒരിക്കൽ സന്ദർശിച്ചാൽ നമ്മൾ ഒരിക്കലും മറക്കില്ല .അവിടത്തെ ആളുകളെ കാണുമ്പോളാണ് മനുഷ്യന്റെ ക്രൂര പ്രവർത്തികൾക്ക് ഇരയാകുന്നത് ഇത്തരം ശുദ്ധ ഹൃദയരാണെന്ന് മനസ്സിലാകുന്നത് .മാനുഷിക മൂല്യങ്ങൾ തകർന്ന ഈ ലോകത്ത് വ്യാവസായിക- കച്ചവട താത്പര്യങ്ങൾക്കു പ്രാമുഖ്യം നൽകുന്ന ഈ കാലത്ത് വല്ല്യച്ഛനും സഹപ്രവർത്തകരും മാതൃകയാവുകയാണ് .ഇത്തരത്തിലുള്ള ഓരോ അഭയയ്ക്കും പറയാനുള്ളത് നാളെ നീയും ഈ അവസ്ഥയിലെത്താം .പഴുത്തയില കൊഴിഞ്ഞു വീഴുമ്പോൾ പച്ചയില ചിരിക്കുന്നു അവനറിയുന്നില്ല നാളെ അവനും ഈ അവസ്ഥ വരും എന്ന് . അതാണിന്നത്തെ ലോകം.

2 അഭിപ്രായങ്ങൾ:

  1. "നാം ഭൂമിയിൽ ജനിച്ചത് ജീവിക്കാനാണ് . നാം മറ്റുള്ളവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക . ഭക്ഷണം കിട്ടാത്തവന് ഒരു നേരത്തെ അന്നം നൽകുക .വസ്ത്രമില്ലാത്തവന് വസ്ത്രം നൽകുക .അഹങ്കാരവും അഹന്തയും മനസ്സിൽ നിന്നും കളയുക .മാതാപിതാക്കളെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുക .നിങ്ങളാണ് ഇനി നമ്മുടെ ലോകത്തെ നയിക്കേണ്ടത് . എല്ലാ വിധ വിജയാശംസകളും നേരുന്നു .

    അര്‍ഥവത്തായ വരികള്‍ ...
    ഗുരുത്വമുള്ള എഴുത്ത്...
    ഇനിയും എഴുതുക ...
    എല്ലാ ഭാവുകങ്ങളും നേരുന്നു....

    മറുപടിഇല്ലാതാക്കൂ